Business
കോട്ടയം: വാഹന നിര്മാതാക്കളായ മഹീന്ദ്രയുടെ ഇന്ത്യയിലെ ആദ്യ നൈറ്റ് കെയര് സര്വീസ് സെന്റര് തെള്ളകത്ത് ഹൊറൈസണ് മഹീന്ദ്ര സര്വീസ് സെന്ററില് പ്രവര്ത്തനമാരംഭിച്ചു.
വാണിജ്യ വാഹനങ്ങള്ക്കായി ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സര്വീസ് മഹീന്ദ്ര റീജണല് കസ്റ്റമര് കെയര് മാനേജര് വി. വിജിത്ത് ഉദ്ഘാടനം ചെയ്തു.
പ്രതിമാസം ഏകദേശം 3,000 വാഹനങ്ങള്ക്ക് സര്വീസ് നല്കുന്ന കേന്ദ്രത്തില് നൈറ്റ് ഷിഫ്റ്റ് ആരംഭിച്ചത് വാണിജ്യ വാഹന ഉടമകള്ക്ക് ഏറെ പ്രയോജനകരമാകും.
രാത്രിയില് വാഹനങ്ങള് സര്വീസിന് നല്കാന് കഴിയുന്നത് സ്ഥിരമായി ഉപയോഗിക്കേണ്ടിവരുന്ന വാണിജ്യ വാഹന ഉടമകള്ക്ക് സമയലാഭവും പ്രവര്ത്തന സൗകര്യവും നല്കും.
പ്രാഥമിക ഘട്ടത്തില് വാണിജ്യ വാഹനങ്ങള്ക്കാണ് നൈറ്റ് കെയര് സര്വീസ് ലഭ്യമാക്കുന്നത്.
തുടര്ന്ന് ഘട്ടംഘട്ടമായി കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ഹൊറൈസണ് സര്വീസ് സെന്റകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹൊറൈസണ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര് എബിന് എസ്. കണ്ണികാട്ട് പറഞ്ഞു.
District News
അരുവിത്തുറ: ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസറും അരുവിത്തുറ സെന്റ് ജോർജ് കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ടും പഞ്ചഗുസ്തി മേശയിൽ ഏറ്റുമുട്ടിയതോടെ എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾക്ക് തുടക്കമായി.
അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കോളജ് മാനേജർ വെരി റവ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി, സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സംസ്ഥാന ജോണി ഏളൂർ, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വി. മാത്യു, കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫയാസ് തുടങ്ങിയവർ സംസാരിച്ചു.
പുരുഷന്മാരുടെ വിഭാഗത്തിൽ ഇടതുവലതു കൈകളിൽ 24 ശരീരഭാര ഇനങ്ങളിലും വനിതാ വിഭാഗത്തിൽ ഇടതുവലതു വിഭാഗങ്ങളിലായ 18 ശരീരഭാര ഇനങ്ങളിലുമാണ് മത്സരങ്ങൾ പുരോഗമിക്കുന്നു.
Kerala
കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സന്റെ മൈക്ക് തട്ടി മാറ്റിയ സംഭവത്തിൽ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പൊലിസിൽ പരാതി. നഗരസഭാ ചെയർപേഴ്സൺ മായ രാഹുലാണ് പാലാ പൊലിസിൽ പരാതി നൽകിയത്.
കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ സംസാരിക്കുന്നതിനിടെയാണ് ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റിയത്. നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികൾ കൗൺസിലിൽ ചർച്ച ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സംഭവത്തെ തുടർന്ന് യുഡിഎഫ് കൗൺസിലർമാരും ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച ചെയർപേഴ്സൺ മായ രാഹുൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
നഗരസഭയുടെ പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയെന്നും കൗൺസിൽ യോഗത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് പരാതിയിലെ ആരോപണം. സംഭവത്തെ തുടർന്ന് വനിതാ കൗൺസിലർമാർക്ക് മാനസിക ബുദ്ധിമുട്ടുണ്ടായതായും പരാതിയിൽ പറയുന്നു.
Kerala
കോട്ടയം: ട്രെയിനിൽ പരസ്യമായി മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. പാലരുവി എക്സ്പ്രസ് ട്രെയിനിൽ മദ്യവുമായി കയറിയ ജോജി ജോർജ്(37) ആണ് പിടിയിലായത്. രാവിലെ ട്രെയിനിൽ മദ്യവുമായി കയറിയ ജോജി പരസ്യമായി മദ്യപിക്കുകയും സ്ത്രീകളടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു.
ഇതേതുടർന്ന് യാത്രക്കാർ റെയിൽവേ പൊലിസിനെ വിവരം അറിയിച്ചു. തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആർപിഎഫ് എത്തി ജോജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലിസ് സ്റ്റേഷനിലും പ്രതി അക്രമാസക്തനായിരുന്നു. പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെയും ഇയാൾ അസഭ്യവർഷം നടത്തി.
Business
കോട്ടയം: കടല്വിഭവ പ്രേമികള്ക്കായി പുത്തന് രുചിക്കൂട്ടുകളുമായി കോട്ടയം ലുലു ഹൈപ്പര്മാര്ക്കറ്റില് സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു.
കേരളത്തിന്റെ തനത് തീരദേശ രുചികള്ക്കൊപ്പം ആഗോള സീഫുഡ് വിഭവങ്ങളും കോര്ത്തിണക്കിയാണ് കോട്ടയത്തെ ഭക്ഷ്യപ്രേമികള്ക്കായി മേള സജ്ജീകരിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് പി. ശ്രീകുമാര് സീ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്രതാരങ്ങളായ ഹേമന്ത് മേനോന്, രമ്യ പണിക്കര് എന്നിവര് അതിഥികളായിരുന്നു. നാടന് മീന്കറികള്, കരിമീന് പൊള്ളിച്ചത് ഉള്പ്പടെയുള്ള വിഭവങ്ങള്ക്കുപുറമെ പ്രമുഖ ഷെഫുകള് തയാറാക്കുന്ന കോണ്ടിനെന്റല്, ചൈനീസ്, തായ് ശൈലിയിലുള്ള ലൈവ് സീഫുഡ് വിഭവങ്ങളും ഉപഭോക്താക്കള്ക്കായി ഒരുക്കിയിട്ടുണ്ട്.
വീടുകളില് എളുപ്പത്തില് പാകം ചെയ്യാന് വിധത്തിലുള്ള മാരിനേറ്റഡ് ഫിഷ് വെറൈറ്റികള്, അറുപതിലധികം ഇനങ്ങളിലുള്ള ഫ്രഷ് മീനുകള്, ഗുണമേന്മയുള്ള ഉണക്കമീനുകള് എന്നിവയുടെ വലിയൊരു നിരതന്നെ ഹൈപ്പര്മാര്ക്കറ്റിലെ പ്രത്യേക കൗണ്ടറുകളില് ലഭ്യമാണ്. ഒക്ടോബര് നാലു വരെയാണ് ഫെസ്റ്റ്.
Kerala
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് വിജയം. എല്ഡിഎഫ് സ്ഥാനാര്ഥി മഞ്ജു സുജിത് ആണ് 2,140 വോട്ടിന്റെ ലീഡിന് വിജയിച്ചത്. എൽഡിഎഫിന് 16,280 വോട്ട് ലഭിച്ചു.
യുഡിഎഫ് സ്ഥാനാര്ഥി വിജയ് ജോസ് മാരേട്ടാന് 14,140 വോട്ട് ലഭിച്ചു. എന്ഡിഎയ്ക്കായി മത്സരിച്ച എ. മനോജ് 3,993 വോട്ട് നേടി. തൃക്കൊടിത്താനം ജില്ലാ ഡിവിഷന് അംഗമായിരുന്ന വിനു ജോബ് ചങ്ങനാശേരി നിയോജകമണ്ഡലത്തില് നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ ഡിവിഷനില് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുന് ഡിവിഷന് അംഗം കൂടിയായിരുന്ന സിപിഎമ്മില മഞ്ജു സുജിത്തിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് വിനു ജോബ് അട്ടിമറി വിജയം നേടിയത്.
Kerala
കോട്ടയം: ഓള് കേരള കാറ്ററിംഗ് അസോസിയേഷന് സംസ്ഥാന സമ്മേളനം 28നും29 നും കോട്ടയത്ത് നടക്കും.സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികള്, സെമിനാറുകള് തുടങ്ങിയവ നടത്തുമെന്ന് സംഘാടകര് വാർത്താസമ്മേളനത്തില് അറിയിച്ചു.
28നു രാവിലെ 10ന് മാമ്മന് മാപ്പിള ഹാളില് സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ പതാക ഉയര്ത്തും. സംസ്ഥാന സര്ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കി , ഓപ്പറേഷന് തൂഫാന് പ്രതിജ്ഞ എടുക്കും.
തുടര്ന്നു നടക്കുന്ന സമ്മേളനം കെ. സുരേഷ് കുറുപ്പ് ഉ്ദ്ഘാടനം ചെയ്യും. 10.30ന് ജറുസലേം മര്ത്തോമാ പള്ളി ഹാളില് പൊതുസമ്മേളനം നടക്കും. അഞ്ചിനു പ്രതിനിധി സമ്മേളനം സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് അപു ജോണ് ജോസഫ് ലോഗോ പ്രകാശനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും.
Kerala
കോട്ടയം: കോട്ടയത്ത് ഭായ് എന്ന് വിളിച്ചതിന് യുവാവിന് ക്രൂരമർദനം. സംഭവത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഏറ്റുമാനൂർ പൊലിസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആദർശ്, അഹമ്മദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം അതിരമ്പുഴയിലാണ് സംഭവം. സെപ്റ്റംബർ 20ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
Kerala
പാലാ: കോട്ടയം പാലായിൽ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു. കൊഴുവനാൽ ഉറുമ്പിക്കുന്നേൽ സുകുമാരൻ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആയിരുന്നു സുകുമാരനെ അവശനിലയിൽ കണ്ടെത്തിയത്.
ബന്ധുക്കളാണ് ഇദ്ദേഹത്തെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുകുമാരൻ മരിച്ചു. വയോധികനെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു.
ഇതേതുടർന്ന് സുകുമാരന്റെ മരുമകനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടമുള സ്വദേശി അഖിൽ ആണ് പൊലിസ് കസ്റ്റഡിയിലുള്ളത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലിസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കോട്ടയത്തെ ആകാശപ്പാതയുടെ നിർമാണം പുനരാരംഭിക്കുന്നു. പദ്ധതിയുടെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മന്ത്രി സി.പി. ജോണിന്റെയും നേതൃത്വത്തിൽ ഉന്നതതലയോഗം ബുധനാഴ്ച നിയമസഭാ കോംപ്ലക്സിൽ ചേരും.
വൈകുന്നേരം മൂന്നിന് ചേരുന്ന യോഗത്തിൽ ഗതാഗത, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആകാശപ്പാതയുമായി ബന്ധപ്പെട്ട് ചേരുന്ന നാലാമത്തെ യോഗമാണിത്. സ്പീക്കറുടെ അഭ്യർഥനയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ചറൽ വിഭാഗം പദ്ധതിയുടെ പുതുക്കിയ രൂപരേഖ ഇതിനകം തയാറാക്കിയിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളായാണ് പുതിയ രൂപരേഖയിൽ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആകാശപ്പാതയുടെ റൗണ്ട് നിർമിക്കും. രണ്ടാംഘട്ടത്തിൽ തിരുനക്കര മൈതാനം, ബസ് സ്റ്റാൻഡ് വഴി റോഡ് മുറിച്ചുകടന്ന് മുനിസിപ്പൽ ബിൽഡിംഗ് വഴി ബേക്കറി ജംഗ്ഷനിലെത്തും. മുനിസിപ്പൽ ബിൽഡിംഗിന് സമീപത്തെ ഓപ്പൺ സ്പേസിനടുത്തും സിഎസ്ഐ കോംപ്ലക്സ് ഭാഗത്തും സ്റ്റെയർകേസും ലിഫ്റ്റും ഒരുക്കും.
മൂന്ന് ഭാഗങ്ങളിൽനിന്ന് ആകാശപ്പാതയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളുടെ നിർമാണം ഒരേസമയം നടത്താനാണ് തീരുമാനം. പതിനെട്ട് മാസത്തിനകം നിര്മാണം പൂര്ത്തിയാക്കണമെന്ന് സ്ഥലം എംഎൽഎകൂടിയായ തിരുവഞ്ചൂര് രാധാകൃഷ്ണന് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
Kerala
കോട്ടയം: കോട്ടയം തീക്കോയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ ജവഹർ നഗർ സ്വദേശി സംഗീത (35) ആണ് മരിച്ചത്. തമിഴ്നാട്ടില് നിന്നും വിനോദസഞ്ചാരത്തിനെത്തിയ രണ്ട് യുവതികളാണ് അപകടത്തിൽപ്പെട്ടത്.
ഇരാറ്റുപേട്ട വാഗമണ് റോഡില് വേലത്തുശേരി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരാളെ രക്ഷപ്പെടുത്തി. ഇരുവരും വാഗമണ്ണിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. അതേസമയം കോട്ടയം മംഗളഗിരിയില് മണ്ണിടിച്ചിലിൽ ഒരു വീട് പൂര്ണമായും ഒലിച്ചുപോയി.
Kerala
കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് അടുത്ത മൂന്ന് മണിക്കൂർ സമയത്തേക്ക് ഇരുജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
ഇതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇടുക്കി, കോട്ടയം ജില്ലകൾക്ക് പുറമേ കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നുണ്ട്. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലയിലാണ് മഴ ശക്തമായി തുടരുന്നത്. തീക്കോയി മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. വാഗമൺ ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസം നേരിട്ടു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലിനും സാധ്യതയുണ്ട്.
Kerala
കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഉച്ചയ്ക്ക് രണ്ടിന് വിധിക്കും.കോട്ടയം വിജിലൻസ് കോടതിയുടേതാണ് നിർണായക കണ്ടെത്തൽ. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള സർവീസ് കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
വിധിക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി മറുപടി നൽകി. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദനയുണ്ടായിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസിൽ 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെത്തുടർന്നാണു വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷിന്റെ മുൻപാകെ വിചാരണ പൂർത്തിയാക്കിയത്.
Kerala
പാലാ: പാലാ പുലിയന്നൂരിൽ വീടിന് തീപിടിച്ചു. കൃഷ്ണ വിലാസം സുധീഷിന്റെ വീട്ടിലാണ് അപകടം. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. എസിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇരുനില വീടിന്റെ താഴത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മുകൾനിലയിലെ താമസക്കാർ സുധീഷിനെ വിവരം അറിയിക്കുകയായിരുന്നു. സുധീഷ് സ്ഥലത്തെത്തി വീട് തുറക്കുമ്പോഴേക്കും മറ്റ് മുറികളിലേക്കും തീപടർന്നിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന തീ കെടുത്തി. അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമസ്ഥൻ പറഞ്ഞു.
District News
അരുവിത്തുറ: രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണമാകുന്നത് വിഭവ വിതരണത്തിലെ അശാസ്ത്രീയത ആണെന്ന് സാമ്പത്തിക വിദഗ്ധനും ഗ്രന്ഥകാരനും ടി.എം. ജേക്കബ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് ഗവൺമെന്റ് കോളജ് മണിമലക്കുന്ന് പ്രിൻസിപ്പാളുമായ പ്രഫ.ഡോ. റോയി സ്ക്കറിയ.
അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഇക്കണോമിക്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, അധ്യാപകരായ ജോസിയ ജോൺ, ഡോൺ ജോസഫ്, അസോസിയേഷൻ പ്രസിഡന്റ് അഡോണ ബിനോയ്, ഡോണാ ബിജു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ചെലവിന്റെ സാമ്പത്തികശാസ്ത്രം എന്ന വിഷയത്തിൽ പ്രഫ.ഡോ റോയി സ്കറിയ ക്ലാസ് നയിച്ചു.
Kerala
കോട്ടയം: ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി.
ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നും നവജാതശിശുക്കളുടെ വാരിയെല്ലിൽ കുത്തിവയ്പ് എടുക്കാറില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ റിപ്പോർട്ടിലെ വാദങ്ങൾ തള്ളി രംഗത്തെത്തി.
സൂചി കയറിയ വിവരം അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരെ അറിയിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലിസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അറിയിച്ചു.
Kerala
ഏറ്റുമാനൂർ: സാമ്പത്തിക വളർച്ചയുടെ കള്ളക്കണക്കുണ്ടാക്കി കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം. സിഐടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
7. 5 ശതമാനം സാമ്പത്തിക വളർച്ചയെന്നാണ് കേന്ദ്രം പറയുന്നത്. ഇതു കള്ളമാണെന്നും യഥാർഥത്തിൽ വളർച്ചയില്ലെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. കേന്ദ്ര സർക്കാരിനെതിരെ സിഐടിയു നേതൃത്വത്തിൽ ഒക്കുപൈ ഡൽഹി സമരം നടത്തും. തൊഴിലാളികൾ രാംലീല മൈതാനത്ത് സംഘടിച്ച് പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്ന് എളമരം കരിം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് റെജി സഖറിയ അധ്യക്ഷത വഹിച്ചു. റെജി സഖറിയ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ ജോർജ്, ഡി. സേതുലക്ഷ്മി, കെ. അനിൽകുമാർ, ജില്ലാ ട്രഷറർ വി.കെ. സുരേഷ്, സ്വാഗതസംഘം ചെയർമാൻ വി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനം ഇന്ന് സമാപിക്കും. പുതിയ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഇന്നു നടക്കും.
Kerala
കോട്ടയം: ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൊൻകുന്നം കൊപ്രാക്കളം തച്ചപ്പുഴയിൽ കെ. അനന്തു (23) ആണ് മരിച്ചത്. അനന്തുവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊപ്രാക്കളം സ്വദേശി അഭിനവ് പരിക്കുകളോടെ ചികിത്സയിലാണ്.
എലിക്കുളം ചീരാംകുഴിയിലാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവം. പാലാ ഭാഗത്തുനിന്ന് വന്ന ട്രാവലറും എതിർദിശയിൽ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻതന്നെ ഇരുവരെയും പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അഭിനവിന് സാരമായ പരിക്കില്ലെന്നാണ് വിവരം.
NRI
ലണ്ടൻ: കോട്ടയം തീക്കോയി സ്വദേശിനിയായ ജസ്റ്റിൻ ജോർജ് (58) ലണ്ടനിൽ അന്തരിച്ചു. ദീർഘകാലമായി ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിച്ചിരുന്ന ജസ്റ്റിൻ എസെക്സിലെ Colchester Hospitalയിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്തുവരികയായിരുന്നു
മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ജസ്റ്റിൻ ജോർജ്, ക്ലാക്ടണിലെ സീറോമലബാർ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ക്ലാക്ടൺ, ബർസ് റോഡിലെ സെമിത്തേരിയിൽ ഈ മാസം 23ന് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭർത്താവ്: ജോർജ് (ജോയ്) യുകെ, മക്കൾ: ടോംസ് ജോർജ്, ആൻസ് ജോർജ് യുകെ, മരുമക്കൾ: മിന്നു സണ്ണി, ടോം മാത്യു യുകെ.
ജസ്റ്റിൻ ജോർജിന്റെ നിര്യാണത്തിൽ ക്ലാക്ടണിലെ മലയാളി സമൂഹവും സഹപ്രവർത്തകരും പള്ളി കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
Kerala
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ചികിത്സയിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയുമായി ദമ്പതികൾ. എൻഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശരീരത്തിൽ തറച്ചു കയറിയ സൂചിയുടെ വേദന തിന്നാണ് കുട്ടി ഒരു വർഷം കഴിച്ചു കൂട്ടിയത്.
കോഴിക്കോട് സ്വദേശി വിനീഷ്, ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി അഞ്ജു ദമ്പതികളുടെ മകൾ ഒരു വയസും രണ്ടു മാസവും പ്രായമുള്ള അദ്വൈകയുടെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തി പുറത്തെടുത്തത്. കുട്ടി ജനിച്ചത് കഴിഞ്ഞവർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ജനിച്ച് രണ്ടാം ദിവസം കുട്ടിയെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
എൻഐസിയുവിൽ കഴിയുന്നതിനിടെ കുട്ടിയുടെ വാരിയെല്ലിന്റെ ഭാഗത്ത് ചെറിയ തടിപ്പ് അനുഭവപ്പെട്ടതായി മാതാപിതാക്കൾ പറയുന്നു. ഇക്കാര്യം ഡോക്ടർമാരെ അറിയിക്കുകയും പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് പരാതി. തുടർന്ന് ഒരു വർഷത്തിലേറെയായി കുട്ടി വേദന സഹിച്ച് കഴിയുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
2026 ജൂലൈയിൽ വയറിന്റെ ഭാഗത്ത് വേദന കൂടിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ സൂചി തറച്ചിരിക്കുന്നതായി കണ്ടെത്തി.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തി സൂചി പുറത്തെടുത്തു. സംഭവത്തിൽ ഒരു മാസം മുന്പ് ഗാന്ധിനഗർ പൊലിസിൽ പരാതി നൽകിയിട്ടും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.
Kerala
കോട്ടയം: ഒല സ്കൂട്ടര് ഷോറൂമിനു മുന്നിൽ ഓല കത്തിച്ച് വാഹന ഉടമകളുടെ പ്രതിഷേധം. ഒല സ്കൂട്ടറുകള് സര്വീസ് സെന്ററുകളില്നിന്നു കൃത്യമായ അറ്റകുറ്റപ്പണികള് നടത്തി നല്കാത്തതില് പ്രതിഷേധിച്ചാണ് കോട്ടയം ജില്ലയിലെ ഒല ബയേഴ്സ് ആക്ഷന് കൗണ്സിലിന്റെ നേതൃത്വത്തില് മണിപ്പുഴയിലെ ഷോറൂമിനു മുന്നില് തെങ്ങോല കത്തിച്ചു പ്രതിഷേധിച്ചത്.
ഓല കത്തിക്കുന്നുവെന്നു കേട്ടപ്പോള് ഉപയോഗശൂന്യമായി കിടക്കുന്ന സ്കൂട്ടറുകളാണ് അഗ്നിക്കിരയാക്കുന്നതെന്നു തെറ്റിദ്ധരിച്ചു ഇതു കാണാനായി നാട്ടുകാരും അപകടസാധ്യത കണക്കിലെടുത്തു പോലീസ്, ഫയര്ഫോഴ്സ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. എന്നാല്, പീന്നിടാണ് ഒല സ്കൂട്ടറുകള് അല്ല മറിച്ചു തെങ്ങോലയാണ് പ്രതിഷേധക്കാര് കത്തിക്കുന്നതെന്നു മനസിലായത്.
ജില്ലയില് ഒല സ്കൂട്ടറിന്റെ കാഞ്ഞിരപ്പള്ളിയിലുള്ള ഒരെണ്ണം ഒഴികെ മുഴുവന് സര്വീസ് സെന്ററുകളും ഏതാനും മാസങ്ങളായി കമ്പനി അടച്ചുപൂട്ടിയിരിക്കുകയാണ്. സ്പെയര് പാർട്സ് കിട്ടാനില്ലെന്നാണ് സര്വീസ് സെന്ററിലെ ജീവനക്കാര് പറയുന്നത്. ഓരോ സര്വീസ് സെന്ററുകളിലും നിരവധി ഒല സ്കൂട്ടറുകളാണ് സര്വീസ് കാത്തിരിക്കുന്നത്. സര്വീസ് സെന്ററുകളില് വെറുതെ കിടന്നു നശിക്കുന്ന പല സ്കൂട്ടറുകള്ക്കും ഉടമകള് ഇഎംഐ അടയ്ക്കുന്നതായും പറയുന്നു.
എല്ലാ സര്വീസ് സെന്ററുകളും പ്രവര്ത്തനക്ഷമമാക്കുക, സ്പെയര് പാര്ട്സ് ക്ഷാമം പരിഹരിക്കുക, കെട്ടിക്കിടക്കുന്ന വാഹനങ്ങള് ഉടന് റിപ്പയര് ചെയ്തു കൈമാറുക, ഉപയോക്താക്കള്ക്ക് നഷ്ടപരിഹാരം നല്കുക, ഉപഭോക്ത്യ കേന്ദ്രീകൃതമായി ഇലക്ട്രിക്കല് വെഹിക്കിള് പോളിസി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര് ഉന്നയിക്കുന്നത്. നേരത്തെ കളക്ടറേറ്റിലേക്ക് ഒല സ്കൂട്ടറുകള് തള്ളി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Kerala
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. പുഞ്ചവയൽ ഇലവുങ്കൽ വീട്ടിൽ അരുൺകുമാർ(46)ആണ് പിടിയിലായത്. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അരുൺകുമാർ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഇയാൾ നിലവിൽ സസ്പെൻഷനിലാണ്. സഹപ്രവർത്തകയുടെ പരാതിയിലും മുണ്ടക്കയം പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Kerala
കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്. കുട്ടികളുടെ ആഭരണങ്ങളടക്കമാണ് നഷ്ടമായത്. മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകൾ നഷ്ടമായിട്ടില്ല.
സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻപ് സമാന രീതിയിൽ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Sports
കളമശ്ശേരി: 51-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച് കോട്ടയം.
രാജഗിരി കാന്പസ് കോർട്ടിൽ നടന്ന ഒന്നാം സെമി ഫൈനലിൽ തൃശൂരിനെ 54-33ന് പരാജയപ്പെടുത്തിയാണ് കോട്ടയം ഫൈനൽ അങ്കത്തിന് അവസരം നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ കോട്ടയം മുന്നേറ്റം കാഴ്ചവച്ചു. കോട്ടയത്തിനു വേണ്ടി അഭിമന്യു എം. 19 പോയിന്റ് നേടിയപ്പോൾ ഫിലിപ്സണ് മനീഷ് 13 പോയിന്റുമായി പിന്തുണ നൽകി. സ്കോർ: കോട്ടയം- 54. തൃശൂർ- 33.
വനിതാ വിഭാഗത്തിൽ ആലപ്പുഴ ഫൈനലിൽ കടന്നു. ആദ്യ സെമിയിൽ കോഴിക്കോടിനെ (48- 49) സ്കോറിന് പരാജയപ്പെടുത്തിയാണ് ആലപ്പുഴയുടെ മുന്നേറ്റം.
രണ്ടാം സെമിയിലെ എറണാകുളം- തിരുവനന്തപുരം വിജയികളെ ആലപ്പുഴ ഫൈനലിൽ നേരിടും.
Kerala
കോട്ടയം: രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ റബര് ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും പരിശോധിക്കുന്നതിനുള്ള അംഗീകൃത നോഡല് കേന്ദ്രമായി കോട്ടയത്തെ റബര് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്ആര്ഐഐ) തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയതലത്തില് ലഭിച്ച അംഗീകാരത്തിന്റെ ഔപചാരിക പ്രഖ്യാപനവും സമര്പ്പണച്ചടങ്ങും നാളെ റബര് ഗവേഷണ കേന്ദ്രത്തില് നടക്കും.
സസ്യ ഇനങ്ങളുടെയും കര്ഷകരുടെയും അവകാശങ്ങള് സംരക്ഷിക്കുന്നതിനും പുതിയ സസ്യ ഇനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്ക്കാര് നിയമം പ്രാബല്യമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച അംഗീകാരം ഇന്ത്യയിലെ റബര് ഗവേഷണ മേഖലയ്ക്കും ആര്ആര്ഐഐക്കും ചരിത്രനേട്ടമാണെന്ന് റബര് ബോര്ഡ് ചെയര്മാന് എന്. ഹരി പറഞ്ഞു.
District News
ഗാന്ധിനഗർ: എംജി സർവകലാശാലാ പരീക്ഷകളിൽ കോട്ടയം ഗവ. മെഡിക്കൽ കോളജിന് ചരിത്രനേട്ടം. കഴിഞ്ഞ അക്കാദമിക വര്ഷത്തിലെ എംജി സര്വകലാശാല പരീക്ഷകളില് ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളില് 27 റാങ്കുകള് കോളജ് കരസ്ഥമാക്കി.
നിലവിലുള്ള ആറ് പിജി ഡിപ്പാര്ട്ട്മെന്റുകളും റാങ്ക് നേടിയതിലൂടെ അക്കാദമികതലത്തില് വലിയ കുതിപ്പു തുടരുകയാണ് കോട്ടയം ഗവ. കോളജ്.
റാങ്ക് ജേതാക്കളെയും അക്കാദമിക മികവ് പുലർത്തിയ വിദ്യാർഥികളെയും കോളജിലെ റിസര്ച്ച് സെന്ററുകളില്നിന്നു ഗവേഷണബിരുദം നേടിയവരെയും അനുമോദിക്കുന്നതിനും പുരസ്കാരങ്ങള് നല്കുന്നതിനുമായി എക്സലൻഷ്യ -26 എന്ന പേരിൽ സംഘടിപ്പിക്കുന്ന സമ്മേളനം നാളെ രാവിലെ 10.30ന് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
കോട്ടയം നഗരസഭാ ചെയര്മാൻ എം.പി. സന്തോഷ് കുമാര് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ കൗണ്സിലര് സനില് തമ്പി, കോളജ് പ്രിന്സിപ്പല് ഡോ. വര്ഗീസ് പുന്നൂസ്, ഡോ. പ്രസന്ന രാജന്, എം.എസ്. സോമരാജന്, ആര്. അരവിന്ദ്, അനി ജിനു, സജീവ്, എന്.വി. റാഫിദ, സിജോ മാത്യു എന്നിവര് പ്രസംഗിക്കും.
District News
കോട്ടയം: പഞ്ചദിന ബാങ്കിംഗ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുഎഫ്ബിയുവിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ നടത്തി.
ജീവനക്കാരുടെ അപര്യാപ്തതയും അപ്രാപ്യമായ ടാർജറ്റിന്റെയും ഫലമായി സംജാതമാകുന്ന ജോലി സമ്മർദ്ദത്തിന് പരിഹാരമായി ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുഎഫ്ബിയുവും മാനേജ്മെന്റ് പരാതിനിധികളായ ഐബിഎയും ചേർന്ന് 2023 നവംബറിൽ ധാരണയായി കേന്ദ്ര സർക്കാരിന് നൽകിയ പഞ്ചദിന ബാങ്കിംഗ് നടപ്പാക്കാത്തതിലാണ് പ്രതിഷേധം.
എസ്ബിഐ കോട്ടയം ടൗൺ ബ്രാഞ്ചിന് മുൻപിലും വൈക്കത്ത് കത്തോലിക് സിറിയൻ ബാങ്കിന്റെ മുൻപിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കോട്ടയത്തെ പ്രതിഷേധ ധർണ്ണ എഐബിഇഎ കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
എഐബിഓസി ജില്ലാ സെക്രട്ടറി ശരത് ലാൽ, എൻസിബി ഇയുടെ ജില്ലാ സെക്രട്ടറി അനൂപ് ജോസഫ്, ബേഫി ജില്ലാ ചെയർമാൻ യു. അഭിനന്ദ് തുടങ്ങിയവർ സംസാരിച്ചു.
യുഎഫ്ബിയു ജില്ലാ കൺവീനർ ജോർജി ഫിലിപ്പ്, അഖിൽ ദിനേശ്, അനിൽ ദേവസ്യ, കിരൺ മോഹൻ, ശ്രീരാമൻ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.
വൈക്കത്ത് ധർണ എകെബിഇഎഫ് മുൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമോദ്, രാജേഷ്, സൂരജ് പങ്കജ്, ജ്യോതി എം.എസ്, കെ.എം. മഞ്ജു എന്നിവർ നേതൃത്വം നൽകി.
Kerala
കോട്ടയം: പോലീസ് ഉദ്യോഗസ്ഥന് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ക്ലാസെടുത്ത് സോഷ്യൽ മീഡിയായിൽ വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് കൊടിമറ്റത്ത് കെ.ഡി. ഷെബിനെയാണ് (37) ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും പള്ളിക്കത്തോട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
നേരത്തെ പള്ളിക്കത്തോട് സിഐയും നിലവിൽ മലപ്പുറം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിയുമായ കെ.പി. ടോംസണാണ് ഷെബിനെ കഞ്ചാവുമായി പിടികൂടിയത്. അന്ന് പോലീസ് ഉദ്യോഗസ്ഥനോട് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഷെബിൻ വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു.
ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഷെബിൻ വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സംഘം ഇയാളെ നിരീക്ഷിക്കുകയായിരുന്നു.
വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോഴാണ് ഷെബിനെ പോലീസ് സംഘം പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
NRI
ഹൂസ്റ്റൺ: കോട്ടയം മുളമൂട്ടിൽ കുടുംബാംഗവും പരേതനായ എം.പി. ജേക്കബിന്റെയും മറിയം ജേക്കബിന്റെയും മകനുമായ ജേക്കബ് പുന്നൻ (51, സ്വരൂപ്) അമേരിക്കയിലെ ടെക്സസിൽ അന്തരിച്ചു.
ജിൽജി ജേക്കബ് ആണ് ഭാര്യ. സിയ ജേക്കബ് (16), മിയ ജേക്കബ് (12), ഈതൻ ജേക്കബ് (6) എന്നിവർ മക്കളും ജേക്കബ് വർഗീസ്, അച്ചാ ജേക്കബ് എന്നിവർ സഹോദരങ്ങളുമാണ്.
പൊതുദർശനം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ദേവാലയത്തിൽ (Good Shepherd Episcopal Indian Church, 605 Dulles Ave, Stafford, TX 77477) വച്ച് നടത്തപ്പെടുന്നതാണ്.
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 10:30 വരെ ഇതേ പള്ളിയിൽ വച്ചും തുടർന്ന് 11ന് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (South Park Funeral Home, Pearland) വച്ച് സംസ്കാര ശുശ്രൂഷകളും നടക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടിനി തമ്പി - 281 759 0684.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാളകെട്ടിയിൽ മദ്യപിക്കാനും കടംവീട്ടാനും അമ്മയുടെ താലിമാല പൊട്ടിച്ച സംഭവത്തിൽ മകനും സുഹൃത്തും പിടിയിൽ. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് ടോജൻ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് അൽത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചു.
ഇതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ വാങ്ങുകയും കടംവീട്ടുകയും ചെയ്തു. ബാക്കി പണം മദ്യപിച്ച് തീർത്തു. ടോജൻ മുമ്പും വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
അൽത്താഫ് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ നവാഗത വിദ്യാർഥികൾക്കായി ഓറ 2026 ഫ്രെഷേഴ്സ് ഡേ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. നീനു മോൾ സെബാസ്റ്റ്യൻ, നാൻസി വി.ജോർജ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി നവാഗത വിദ്യാർഥികൾക്കായി തീമാറ്റിക് പെർഫോമൻസ് കോമ്പറ്റീഷനും പ്രത്യേക സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു.
Kerala
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ കുട്ടിക്കാണ് അസുഖം ബാധിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കടുത്ത ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാധയാണെന്ന് സ്ഥിരീകരിച്ചത്.
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കുട്ടിക്ക് എവിടെ നിന്നാണ് രോഗം പകർന്നത് എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്ക് പ്രവേശനം വിലക്കി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും നിരോധിച്ചു.
ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചു. ഓഗസ്റ്റ് ഒൻപതു വരെ ആണ് നിരോധനം. ജില്ലാ കളക്ടർ ആണ് പ്രവേശനം വിലക്കി ഉത്തരവിട്ടത്.
Kerala
കോട്ടയം: മണര്കാട്ട് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. അയര്ക്കുന്നം കൊങ്ങാണ്ടൂര് വാലുമ്മേല്ക്കുന്നേല് വീട്ടില് ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴോടെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിലാണ് അപകടമുണ്ടായത്. അയര്ക്കുന്നത്ത് നിന്ന് മണര്കാട് കവലയിലേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് തെന്നിവീഴുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
അപകടത്തില് ഗുരുതരമായി പരിക്കേറ്റ ശ്രീദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. സംഭവത്തില് മണര്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ച് കളക്ടർ. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധമായിരിക്കും.
അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ഇതോടെ ബുധനാഴ്ച വിദ്യാഭ്യാസ ജില്ലകൾക്ക് അവധി പ്രഖ്യാപിക്കുന്ന ജില്ലകളുടെ എണ്ണം ആറായി. നേരത്തെ ഇടുക്കി, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
Kerala
കോട്ടയം: മീനച്ചിലാറ്റിലൂടെ കുതിച്ചെത്തിയ പ്രളയജലം കോട്ടയത്തിന്റെ പടിഞ്ഞാറന് മേഖലയെ വെള്ളത്തില് മുക്കി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായിരിക്കുകയാണ്. പലയിടത്തും ഗതാഗതം മുടങ്ങി. രണ്ടായിരത്തോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.
നടന്നുപോകവേ വെള്ളക്കെട്ടില് വീണ് ആറുമാനൂര് സ്വദേശിയും മണര്കാട് പറമ്പുകരയില് മധ്യവയസ്കനും മരിച്ചത് ഇന്നലത്തെ സങ്കടവാര്ത്തയായി. ഇതോടെ ജില്ലയില് മഴക്കെടുതിയില് മരിച്ചവരുടെ എണ്ണം ആറായി. പ്രളയത്തില് ഈരാറ്റുപേട്ടയിലെയും പാലായിലെയും നൂറുകണക്കിനു വ്യാപാരികള്ക്ക് വലിയ നാശമാണുണ്ടായിരിക്കുന്നത്. പടിഞ്ഞാറന് മേഖലയിലെയും നിരവധി വ്യാപാരികള്ക്ക് നഷ്ടമുണ്ട്.
നെല്ല്, പച്ചക്കറി, കപ്പ്, വാഴ, ജാതി തുടങ്ങി കാര്ഷിക മേഖലയിലും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. പലയിടത്തും മടവീഴ്ചയുമുണ്ട്. മീനച്ചില്, മണിമല, മൂവാറ്റുപുഴയാറുകളില് ജലനിരപ്പ് അപകടകരമായ രീതിയില് തുടരുകയാണ്. ഉരുള്പൊട്ടലുണ്ടായ മലയോരത്ത് ഇന്നലെ മഴയ്ക്കു ശമനമുണ്ടായി. മണ്ണിടിച്ചിലുണ്ടായ പല റോഡുകളിലും ഇപ്പോഴും ഗതാഗതം സുഗമമായിട്ടില്ല. പെരിങ്ങുളം പൂഞ്ഞാര് തെക്കേക്കര പ്രദേശത്ത് പലകുടുംബങ്ങളും ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുകയാണ്.
കുതിച്ചെത്തി മലവെള്ളം; ആളുകളെ മാറ്റിപ്പാര്പ്പിച്ചു
ശനിയാഴ്ച വെള്ളത്തില് പൂര്ണമായും മുങ്ങിയ പാലായില് ഞായറാഴ്ച വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. രാത്രിയോടെ പെയ്ത കനത്തമഴയില് പാലാ നഗരത്തില് വീണ്ടും വെള്ളംകയറിയത് ആശങ്ക പടര്ത്തി. മൂന്നാനിയും കൊട്ടാരമറ്റം ബസ് സ്റ്റാന്ഡും വെള്ളത്തില് മുങ്ങി. ഉച്ചയോടെ ളാലം ഭാഗത്തും വെള്ളം കയറി.
പാലാ-ഈരാറ്റുപേട്ട റോഡില് ഗതാഗതം പൂര്ണമായും തടസപ്പെട്ടു. കിഴക്കന് വെള്ളംഒഴുകിയെത്തിയപ്പോള് ഞായറാഴ്ച വൈകുന്നേരത്തോടെ കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങള് മുങ്ങാന് തുടങ്ങിയിരുന്നു. കോട്ടയം-കുമരകം റോഡിലാണ് വെള്ളം കയറിത്തുടങ്ങിയത്.
കുമരകം, തിരുവാര്പ്പ്, അയ്മനം, ആര്പ്പൂക്കര, വിജയപുരം, അയര്ക്കുന്നം പഞ്ചായത്തുകളിലും കോട്ടയം, ഏറ്റുമാനൂര് മുനിസിപ്പാലിറ്റിയുടെ പ്രദേശങ്ങളും മീനച്ചിലാറിന്റെ തീരഭാഗങ്ങളും താഴ്ന്ന പ്രദേശങ്ങളും ഇന്നലെ പുലര്ച്ചെയോടെ വെള്ളത്തില് പൂര്ണമായും മുങ്ങി. വീടുകളില് വെള്ളം കയറിയതോടെ പലരും അത്യാവശ്യ സാധനസാമഗ്രികളുമായി ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. വീടുകളുടെ രണ്ടാം നിലയിലും മറ്റും ഒറ്റപ്പെട്ടു പോയവരെ ഫയര്ഫോഴ്സ് ഡിങ്കി ബോട്ടില് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.
കോട്ടയം നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കോട്ടയം-ഇറഞ്ഞാല്, ഏറ്റുമാനൂര്-മണര്കാട് ബൈപാസ്, കോട്ടയം-കുമരകം, വടവാതൂര് ബണ്ട് റോഡുകളില് വെള്ളംകയറി ഗതാഗതം മുടങ്ങി.
വിജയപുരം പഞ്ചായത്തിലെ നട്ടാശേരി, പാറമ്പുഴ, ഇറഞ്ഞാല് പ്രദേശങ്ങളെല്ലാം മുങ്ങി. കൊശമറ്റം കോളനിയിലും വെള്ളം കയറി, ഈ പ്രദേശത്ത് നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു. കോട്ടയം-കുമരകം-ചേര്ത്തല, കുമരകം-വൈക്കം റോഡുകളില് വെള്ളം കയറി.
മീനച്ചിലാർ കരകവിഞ്ഞു
മീനച്ചിലാര് കരകവിഞ്ഞെത്തിയതോടെ കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന് പ്രദേശങ്ങളെല്ലാം വെള്ളത്താല് ഒറ്റപ്പെട്ടു. താഴത്തങ്ങാടി, പുത്തനങ്ങാടി, കാരാപ്പുഴ, പാറേച്ചാല്, അറുപുഴ, 16-ല്ചിറ, പാറപ്പാടം, കാഞ്ഞിരം, പാണംപടി, പുളിനാക്കല് പ്രദേശങ്ങളിലെല്ലാം വെള്ളംകയറി.
കോട്ടയം നഗരത്തിലെ കുര്യന് ഉതുപ്പ് റോഡിലും നാഗമ്പടം ഇന്ഡോര് സ്റ്റേഡിയത്തിലും കുട്ടികളുടെ പാര്ക്കിലും വെള്ളം കയറി. കുമാരനല്ലൂര്, സംക്രാന്തി എന്നിവിടങ്ങളിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടില് ഒറ്റപ്പെട്ടു. കുറുവാമൂഴി-എരുമേലി-കരിമ്പിന്തോട് റോഡില് ഓരുങ്കല്കടവ് പാലത്തില് ഗതാഗതം നിരോധിച്ചു. അരയാഞ്ഞിലിമണ് കോസ് വേയില് ഇന്നലെ രാത്രിയും പൂര്ണമായി വെള്ളമിറങ്ങിയിട്ടില്ല.
District News
പെരുവന്താനം: ദേശീയ ദുരന്തനിവാരണ അഥോറിറ്റിയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡും പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന പരിപാടി സമാപിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രമേശ് പണിക്കർ ഉദ്ഘാടനം ചെയ്തു. സ്വയം രക്ഷ ഒപ്പം മറ്റുള്ളവർക്കും രക്ഷ എന്ന ടാഗ് ലൈനിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ഏഴ് ദിവസം നീണ്ടുനിന്ന പരിപാടിയിൽ വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസ് നയിച്ചു. ചടങ്ങിൽ സ്കൗട്ട് ആൻഡ് ഗൈഡ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കമ്മീഷണർ ഡേവിഡ് ജോസഫ്, ജില്ലാ സെക്രട്ടറി പി.കെ.റീന, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ആൻസി ഏബ്രഹാം, ജില്ലാ ട്രെയിനിംഗ് കമ്മീഷണർ മോൻസി പി. മോഹൻ, യുവ ആപ്ദ മിത്ര സംസ്ഥാന മാസ്റ്റർ ട്രെയിനർമാരായ സിറിൽ ജോസ്, ലൈലത്തു ബീവി, വിദ്യാഭ്യാസ ജില്ലാ കോർഡിറ്റർമാരായ റിബിൻ പി. സേവ്യർ, ജിബിൻ കെ. മാനുവൽ, കെ.വി.സിജോ, കോളജ് അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, ഐക്യൂഎസി കോർഡിനേറ്റർ നൈസ് ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസ്, വിദ്യാര്ഥി പ്രതിനിധി ഏയ്ഞ്ചല് ജോയ് എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: കോടിമതയില് നിര്ത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില് മിനി ലോറി ഇടിച്ചു കയറി. കാബിനില് കുടുങ്ങിയ ഡ്രൈവറെ ഫയര്ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നു പുലര്ച്ചെ അഞ്ചിനാണ് അപകടം.
തിരുവനന്തപുരത്ത് വാഴക്കുലകള് ഇറക്കിയ ശേഷം തിരികെ മേട്ടുപ്പാളയത്തേക്ക് പോകുകയായിരുന്ന മിനിലോറിയുടെ ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. ടയര് മാറ്റുന്നതിനായി റോഡരികില് നിര്ത്തിയിട്ട തടിലോറിക്ക് പിന്നിലായാണ് മിനിലോറി ഇടിച്ചു കയറിയത്.
ക്യാബിനിനുള്ളില് കുടങ്ങിയ മേട്ടുപ്പാളയം സ്വദേശി തുളസി രാമനെ (51) കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കാല് സ്റ്റിയറിംഗിനടിയില് കുടുങ്ങിയ നിലയിലായിരുന്നതിനാല് ഹൈഡ്രോളിക്ക് ഉപകരണങ്ങള് ഉപയോഗിച്ച് അരമണിക്കൂര് നീണ്ട പരിശ്രമത്തിനൊടുവില് വാഹനം വെട്ടിപ്പൊളിച്ചാണ് ഫയര്ഫോഴ്സ് രക്ഷപെടുത്തിയത്. ഇദ്ദേഹത്തിന്റെ കാലിനും മുട്ടിനും നടുവിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്.
Kerala
കോട്ടയം: ജില്ലയില് ഇന്നും കനത്ത മഴ തുടരുകയാണ്. മീനച്ചിലാറ്റിലടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര് ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ കളക്ടര് ചേതന് കുമാര് വീണ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില് മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില് നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിര്ദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില് ഏര്പ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്സ്മെന്റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേര്ത്തല-കുമരകം-കോട്ടയം റോഡില് വെള്ളം കയറിയ സാഹചര്യത്തില് ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കേണ്ടതാണെന്നും കളക്ടര് അറിയിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില് ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടണം.
ജില്ലാ കണ്ട്രോള് റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്ട്രോള് റൂമുകള്:
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്- 9496686325
കാഞ്ഞിരപ്പള്ളി- 9495265800
വൈക്കം- 9496174871
മൃഗസംരക്ഷണ വകുപ്പ് - 04812 564623, 9447418095
Kerala
കോട്ടയം: കോട്ടയം ജില്ലയില് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് വിവിധ പ്രദേശങ്ങളില് രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്ണമായോ തടസപ്പെട്ടിരിക്കുകയാണ്.
പ്രധാന പാതകളിലെ ഗതാഗത തടസം
പാലാ - ഈരാറ്റുപേട്ട റോഡില് വെള്ളം കയറിയതിനെ തുടര്ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം - കുമരകം - ചേര്ത്തല റോഡില് താഴ്ന്ന ഭാഗങ്ങളില് വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയം - ഇറഞ്ഞാല് റോഡില് വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്ക്കുന്നം റൂട്ടുകള് അയര്ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര് - മണര്കാട് റോഡില് നാലുമണിക്കാറ്റില് വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വെള്ളം കയറിയ പ്രദേശങ്ങള്
പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്പ്പ്, പേരൂര്, ആര്പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
യാത്ര നിരോധിച്ചു
ചേര്ത്തല-കുമരകം-കോട്ടയം റോഡില് വെള്ളംകയറിയ സാഹചര്യത്തില് ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര് ചേതന്കുമാര് മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള് ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില് ഉള്ളവര് ജാഗ്രത പാലിക്കണമെന്നും അധികൃതര് അറിയിച്ചു.
SUNDAY DEEPIKA
ഡല്ഹി കേരള ക്ലബ്ബില് ഒ.വി. വിജയന്, എം. മുകുന്ദന്, വി.കെ.എന്, കാക്കനാടന്, ആനന്ദ്, സക്കറിയ, എന്.എസ്. മാധവന് തുടങ്ങിയ സാഹിത്യപ്രതിഭകള് ഒത്തുകൂടി എഴുത്തനുഭവങ്ങളും കഥക്കൂട്ടുകളും പങ്കുവച്ചിരുന്ന പഴയ കാലമുണ്ട്. കോഴിക്കോട് ബീച്ചിലും അവിടുത്തെ ഗുജറാത്തി തെരുവിലും വൈക്കം മുഹമ്മദ് ബഷീര്, എസ്.കെ. പൊറ്റെക്കാട്, എം.ടി. വാസുദേവന്നായര് തുടങ്ങിയവര് സായാഹ്നങ്ങളിൽ ഒത്തുകൂടി സാഹിത്യവര്ത്തമാനങ്ങള് പറഞ്ഞിരുന്നു.
വന്നഗരമല്ലെങ്കിലും അക്ഷരങ്ങളുടെയും അച്ചടിയുടെയും തറവാട് എന്ന നിലയില് എക്കാലവും കോട്ടയത്തിനുമുണ്ട് സാഹിത്യപ്പെരുമ. തിരുനക്കര തിരക്കില്നിന്ന് അല്പം അകന്ന് ബോട്ട്ജെട്ടി റോഡിലെ ലോഡ്ജുകളിലായിരുന്നു സാഹിത്യപ്രതിഭകള് ഏറെക്കാലം ചേക്കേറിയിരുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീനും’ ‘തോട്ടിയുടെ മകനും’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യും ഉള്പ്പെടെ വിഖ്യാത രചനകള്ക്ക് ഇടമായത് നഗരത്തിലെയും ബോട്ടുജെട്ടി റോഡിലെയും ലോഡ്ജ് മുറികളായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറും വൈക്കം ചന്ദ്രശേഖരന് നായരും കാരൂര് നീലകണ്ഠപ്പിള്ളയും തകഴി ശിവശങ്കരപ്പിള്ളയും പൊന്കുന്നം വര്ക്കിയും എം.പി. പോളും പി.എന്. പണിക്കരും പോലുള്ളവരുടെ ഒത്തുചേരല് ഇടമായിരുന്നു ബോട്ടുജെട്ടി റോഡ്. സെന്ട്രല് ജംഗ്ഷനില് അടുത്തകാലത്ത് താഴുവീണ ബെസ്റ്റ് ഹോട്ടലിലായിരുന്നു അവരുടെ ചായകുടി. മഹാരഥന്മാര്ക്ക് മഹാകൃതികള് എഴുതാന് ആര്ജവവും ഊര്ജവും നല്കിയ ഹോട്ടല് 67 വര്ഷത്തെ വിഭവസമൃദ്ധിക്കുശേഷമാണ് അടുപ്പണച്ചത്.
സാഹിത്യപ്രതിഭകളുടെ പ്രധാന ഒത്തുചേരല് ഇടമായിരുന്ന കാരാപ്പുഴ കച്ചേരിക്കടവ് ബോട്ടുജെട്ടിയിലെ പുഞ്ചിരി ബില്ഡിംഗ് ഇപ്പോഴുമുണ്ട്. കോട്ടയം താഴത്തങ്ങാടി മണലേല് (പുഞ്ചിരി) എം.സി. ചെറിയാന് 1890കളില് നിര്മിച്ചതാണ് പുഞ്ചിരി ബില്ഡിംഗ്. ഇതിന്റെ രണ്ടാം നിലയിലായിരുന്നു സാഹിത്യകൂട്ടായ്മകള്. കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പുഞ്ചിരി’ ബാലമാസികയിലാണു തകഴി ശിവശങ്കരപിള്ളയും വൈക്കം മുഹമ്മദ് ബഷീറും തങ്ങളുടെ ആദ്യകാല രചനകള് നിര്വഹിച്ചത്. 1933ല് ആരംഭിച്ച മാസികയുടെ പത്രാധിപര് പ്രശസ്ത സാഹിത്യകാരന് എന്. ഗോപാലപിള്ളയായിരുന്നു.
എം.പി.പോളുമായുള്ള സൗഹൃദമാണ് വൈക്കം മുഹമ്മദ് ബഷീറിനെ കോട്ടയത്ത് എത്തിച്ചത്. തൃശൂര് സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് പ്രഫസര് സ്ഥാനത്തുനിന്നു പിരിഞ്ഞശേഷം പോള് കോട്ടയത്ത് ആരംഭിച്ച എം.പി. പോള്സ് ട്യൂട്ടോറിയൽ കോളജിന്റെ ഹോസ്റ്റല് വാര്ഡനായി ബഷീറിനു ജോലി നല്കി. കലാസാഹിത്യവും സ്വാതന്ത്ര്യസമര പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് ബഷീര് അക്കാലത്ത് പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു.
പൊലീസിനെ കബളിപ്പിച്ചായിരുന്നു ബഷീറിന്റെ കോട്ടയത്തെ വാസം. മജീദിന്റെയും സുഹ്റയുടെയും പ്രണയം ആദ്യം വായിച്ചുകേട്ടത് കോട്ടയമാണ്. അതും ബഷീറിന്റെ സ്വന്തം ശബ്ദത്തില്. പിന്നെയാണ് പ്രണയം ‘ബാല്യകാലസഖി’യായി സാഹിത്യാസ്വാദകരുടെ മനസില് ചേക്കേറിയത്. നാഗമ്പടത്ത് എം.പി. പോൾ കുടുംബസമേതം താമസിച്ചിരുന്ന വീട്ടില് മാസത്തിലൊരിക്കല് ചേര്ന്നിരുന്ന ’സാഹിതീസഖ്യം’ സഹൃദയസമിതിയിലാണ് ബഷീര് ബാല്യകാലസഖിയുടെ കയ്യെഴുത്തുപ്രതി ആദ്യമായി അവതരിപ്പിച്ചത്.
‘ചെമ്മീന്’ കോട്ടയത്ത് വിരചിതമാകാന് കാരണമായതിനു പിന്നില് വലിയൊരു കഥയും കാര്യവുമുണ്ട്. അമ്പലപ്പുഴ മുന്സിഫ് കോടതിയില് പ്രാക്ടീസ് ചെയ്തിരുന്ന കാലത്താണ് തകഴിയുടെ ‘ചെമ്മീന്’ എഴുത്ത്. സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) പ്രതിമാസ ബുള്ളറ്റിനില് ‘ഉടന് പ്രസിദ്ധീകരിക്കുന്നു, തകഴിയുടെ ചെമ്മീന്’ എന്നു തുടരെ പരസ്യം വന്നുകൊണ്ടിരുന്നു. നോവല് കൈയെഴുത്തു പ്രതി വാങ്ങാന് എസ്പിസിഎസ് ജീവനക്കാരന് പതിവായി അമ്പലപ്പുഴയിലെ വക്കീല് ഓഫീസിലും തകഴിയിലെ വീട്ടിലും ചെന്നുകൊണ്ടിരുന്നു.
മേശപ്പുറത്തെ കടലാസ് കെട്ടുകള് ഉയര്ത്തിക്കാട്ടി തകഴി പറഞ്ഞു: “ഇത്രയും പൂര്ത്തിയാക്കിയിട്ടുണ്ട്, മൂന്നാഴ്ച കൂടി സമയം തന്നാല് പൂർണമാകും.” മൂന്നാഴ്ച കഴിഞ്ഞെത്തിയ ജീവനക്കാരനോട് തകഴി പറഞ്ഞു: “ഒരാഴ്ച കൂടി വേണ്ടിവരും.” അടുത്തയാഴ്ചയും ഇതുതന്നെ ആവര്ത്തിച്ചു. ക്ഷമകെട്ട് എസ്പിസിഎസിന്റെ സാരഥിയായിരുന്ന ഡി.സി. കിഴക്കേമുറി അമ്പലപ്പുഴയില് നേരിട്ടെത്തി തകഴി വക്കീലിന്റെ മേശപ്പുറത്തെ കടലാസ് കെട്ടുകള് പരിശോധിച്ചപ്പോള് അതെല്ലാം കോടതിയില് ഹാജരാക്കിയിരുന്ന കക്ഷികളുടെ കേസുകെട്ടുകളായിരുന്നുവെന്ന് മനസിലാക്കി.
തകഴിയെ ബലമായി കോട്ടയം ബോട്ട് ഹൗസ് കഫേയില് എത്തിച്ച് പേപ്പറും പെന്സിലും വാങ്ങിക്കൊടുത്തു. ഇപ്പോഴത്തെ ഹെഡ് പോസ്റ്റ് ഓഫിസിന് എതിര്വശം നഗരസഭാ മന്ദിരത്തിനടുത്തായിരുന്ന കെട്ടിടത്തിലെ ചെറിയ മുറിയില് ഇരുന്നാണ് തകഴി ‘ചെമ്മീന്’ പൂര്ത്തിയാക്കിയത്. സമാനമായി തകഴിയുടെ ‘തോട്ടിയുടെ മകന്’ എന്ന നോവല് വരുന്നതായുള്ള അറിയിപ്പ് എസ്പിസിഎസ് ബുള്ളനില് വന്നുകൊണ്ടിരുന്നു. അവസാനം തകഴിയെ കോട്ടയത്ത് സാഹിത്യകാരന് അഭയദേവിന്റെ പള്ളത്തെ വീട്ടിലെത്തിച്ച് അവിടെ താമസിപ്പിച്ചാണ് ് ‘തോട്ടിയുടെ മകന്’ പൂര്ത്തിയാക്കിയത്.
എസ്പിസിഎസിന്റെ നാട്ടകം പ്രസിന് എതിര്വശത്തുണ്ടായിരുന്ന നൈനാന്സ് ടെക്നിക്കല് ഇന്സ്റ്റിറ്റ്യൂട്ടിന്റെ മുകള്നിലയില് താമസിച്ചു രണ്ടാഴ്ച കൊണ്ടാണു തകഴി ‘കയര്’ നോവലിന്റെ അവസാന അധ്യായങ്ങള് പൂര്ത്തിയാക്കിയതെന്നും സാഹിത്യലോകത്തൊരു കഥയുണ്ട്. അതേ കാലത്തുതന്നെ പൊന്കുന്നം വര്ക്കിയുടെ രചനകള്ക്ക് ഇടമായത് കോട്ടയവും പൊന്കുന്നവും പാമ്പാടിയുമാക്കെയായിരുന്നു.
Kerala
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള് കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്കേർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്കല്ല്, മാര്മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട-വാഗമണ് റോഡിലെ രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കിയത്.
District News
അരുവിത്തുറ: കേരള അഗ്നിശമന രക്ഷാസേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാപരിശീലന പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു നിർവഹിച്ചു. കോളജ് പ്രിൻസിപ്പൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർമാരായ എ. സാബു, കെ.വി. ജിജു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എ. നൗഫൽ, കോട്ടയം ഹസാഡിലെ അനലിസ്റ്റ് സുസ്മി സണ്ണി, കോട്ടയം എൽഎസ്ജിഡിഎം പ്ലാൻ കോഓർഡിനേറ്റർ ശ്രീനന്ദിനി രാമചന്ദ്രൻ തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
അഗ്നിബാധ ഗ്യാസ് സിലണ്ടർ ലീക്ക് മൂലം ഉണ്ടാകുന്ന അപകടങ്ങൾ, ഭൂകമ്പം, മണ്ണിടിച്ചിൽ, വാഹനാപകടങ്ങൾ, ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ അപകട സാഹചര്യങ്ങൾ തരണം ചെയ്യുന്നതിനുള്ള പ്രായോഗികമായ പരിശീലനമാണ് വിദ്യാർഥികൾക്ക് പരിപാടിയിൽ നൽകിയത്.
Kerala
കോട്ടയം: കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തന സമയത്തെച്ചൊല്ലി രൂക്ഷവിമർശനവുമായി എക്സൈസ് മന്ത്രി എം. ലിജു. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
മറ്റ് ജില്ലകളിലെ സമയക്രമം കോട്ടയത്ത് പാലിക്കപ്പെടുന്നില്ലെന്നും, രാവിലെ 7 മുതൽ തന്നെ പലയിടത്തും ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ എക്സൈസ് മന്ത്രി നല്ല വ്യക്തിയാണെന്നും, പാലക്കാട്ടുകാരനായ അദ്ദേഹമല്ല ഈ പ്രത്യേക ആനുകൂല്യം അനുവദിച്ചതെന്നും വ്യക്തമാക്കിയ ലിജു, കോട്ടയം ജില്ലയിൽ മാത്രം ഈ സവിശേഷ സാഹചര്യം തുടരേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനുപുറമെ പത്തനംതിട്ട ജില്ലയിൽ വ്യാപകമാകുന്ന കള്ളവാറ്റ് തടയാൻ ശക്തമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഷാപ്പുകളുടെ വ്യക്തമായ പട്ടിക ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ, സ്വയംപര്യാപ്തമായതും അല്ലാത്തതുമായ ഷാപ്പുകളുടെ വേർതിരിച്ചുള്ള പട്ടിക അടിയന്തരമായി തയാറാക്കി സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
കോട്ടയം: എംജി സർവകലാശാല ക്യാമ്പസിലെ ഫ്ലെക്സ് ബോർഡിനെച്ചൊല്ലി വൈസ് ചാൻസലറും സർവകലാശാല യൂണിയൻ ഭാരവാഹികളും തമ്മിൽ തർക്കം. യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയം പാടില്ലെന്ന് വ്യക്തമാക്കിയ വിസി ഫ്ലെക്സ് ബോർഡ് അടിയന്തരമായി നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഡൽഹി സമരത്തോടുള്ള ഐക്യദാർഢ്യമാണ് ഫ്ലെക്സ് ബോർഡിലുള്ളതെന്ന് യൂണിയൻ നേതൃത്വം വ്യക്തമാക്കി.
വിസിയുടെ ഉത്തരവ് തള്ളിയ വിദ്യാർത്ഥികൾ ക്യാമ്പസിൽ കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതിനിടെ വിസിക്കെതിരെ സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രതിഷേധ പ്രകടനവും നടത്തി.
District News
അരുവിത്തുറ: പ്രശസ്ത പിന്നണി ഗായിക അന്തരിച്ച എസ്. ജാനകിയുടെ അനുസ്മരണാർഥം അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജാനകി ജാനേ സ്മരണാഞ്ജലി സംഘടിപ്പിച്ചു.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ഇംഗ്ലീഷ് അസോസിയേഷൻ കോഓർഡിനേറ്റർ ഡോ. സിനി ജേക്കബ്, അസോസിയേഷൻ ഭാരവാഹികളായ ദീക്ഷിത്, ചിൻമയി തുടങ്ങിയവർ സംസാരിച്ചു.
എസ്. ജാനകിയുടെ ഗാനങ്ങൾക്കൊപ്പം നൃത്തനൃത്യങ്ങളും ചേർത്ത് ഒരുക്കിയ ഒരു മണിക്കൂർ നീണ്ടുനിന്ന സ്മരണാഞ്ജലിയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.
District News
കോട്ടയം: വിദ്യാര്ഥികളെ തെരുവില് വലിച്ചിഴയ്ക്കുന്ന കേന്ദ്രസര്ക്കാര് നയങ്ങള്ക്കെതിരേയും പ്രതിപക്ഷ നേതാവ് രാഹുല്ഗാന്ധി ഉള്പ്പെടെയുള്ള എംപിമാരെ ആക്രമിക്കുന്ന മോദി ഭരണകൂട ഭീകരതയ്ക്കെതിരേയും കെഎസ്യു സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദ് ജില്ലയില് പൂര്ണം.
ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലായി വിവിധ യൂണിറ്റ് കമ്മിറ്റികള്, മണ്ഡലം കമ്മിറ്റികള് തുടങ്ങിയവയുടെ ആഭിമുഖ്യത്തില് പഠിപ്പുമുടക്ക് നടത്തിയെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എന്. നൈസാം പറഞ്ഞു.
ജില്ലയില് നിന്നുള്ള സംസ്ഥാന ഭാരവാഹികള്, ജില്ലാ ഭാരവാഹികള്, ബ്ലോക്ക് പ്രസിഡന്റുമാര്, യൂണിറ്റ് കമ്മിറ്റി ഭാരവാഹികള് തുടങ്ങിയവര് സമരത്തിന് നേതൃത്വം നല്കി. വിദ്യാര്ഥികളുടെ അവകാശങ്ങള് കേന്ദ്ര സര്ക്കാര് സംരക്ഷിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എന്. നൈസാം അറിയിച്ചു.
District News
കോട്ടയം: ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില് പൊതുജനാഭിപ്രായവും നിര്ദേശങ്ങളും സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രി കെ. മുരളീധരന് നടത്തുന്ന ജനസമ്പര്ക്ക പരിപാടി -കായകല്പ്പം നാളെ കോട്ടയം സിഎംഎസ് കോളജില് നടക്കും.
രാവിലെ 9.30ന് സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളില് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ജില്ലാതല ഉദ്ഘാടനം നിര്വഹിക്കും. മന്ത്രി കെ. മുരളീധരന് അധ്യക്ഷത വഹിക്കും. മന്ത്രി മോന്സ് ജോസഫ് മുഖ്യാതിഥിയാവും.
എംപിമാരായ ഫ്രാന്സിസ് ജോര്ജ്, കൊടിക്കുന്നില് സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎല്എമാരായ മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്, നാട്ടകം സുരേഷ്, വിനു ജോബ്, റോണി കെ. ബേബി, എം.ജെ. സെബാസ്റ്റ്യന്, കെ. ബിനിമോന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ അധ്യക്ഷന് എം.പി. സന്തോഷ്കുമാര്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഷര്മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടര് ഡോ. വി. മീനാക്ഷി, എന്എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര് അനു എസ്. നായര്, അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, കോട്ടയം നഗരസഭാംഗം മോന് ജേക്കബ്, ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എന്. പ്രിയ എന്നിവര് പങ്കെടുക്കും.
പൊതുജനാരോഗ്യ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും മെഡിക്കല് ഉപകരണങ്ങളുടെയും അപര്യാപ്തത, സാമ്പത്തിക കുടിശിക, ജീവനക്കാരുടെ കുറവ്, പകര്ച്ച വ്യാധി നിയന്ത്രണത്തിലെ പോരായ്മകള് എന്നിവ പരിഹരിച്ച് സമഗ്രമായ ആരോഗ്യ വികസന പദ്ധതി തയാറാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ജനപ്രതിനിധികള്, ആരോഗ്യപ്രവര്ത്തകര്, പൊതുജനങ്ങള് എന്നിവരില്നിന്ന് അഭിപ്രായങ്ങളും നിര്ദേശങ്ങളും സ്വരൂപിക്കും.
Kerala
കോട്ടയം: കൂരോപ്പട ലാക്കാട്ടൂരിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
തോമസിന്റെ ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകൻ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്ന, മൂത്ത മകൾ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.
കഴിഞ്ഞ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് ഉച്ചയ്ക്ക് ശേഷം ജോസ്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ അവശനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കർഷകനായ തോമസും, പ്രാദേശിക സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ ജോസ്നയും ചേർന്നാണ് കുടുംബം പുലർത്തിയിരുന്നത്. മരിച്ച മരിയ മാറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ആത്മഹത്യയല്ല പരിഹാരം. ഏത് വലിയ മാനസിക സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ വഴികളുണ്ട്. സഹായം ആവശ്യമുള്ളപ്പോൾ ബന്ധപ്പെടുക. ടോൾ ഫ്രീ നമ്പർ: 1056
District News
കുറവിലങ്ങാട്: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ പ്രവർത്തനങ്ങളുമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് രംഗത്തിറങ്ങുന്നു. ലഹരി ഉപഭോഗത്തിൽ നിന്നു യുവാക്കളെ അകറ്റിനിർത്തുന്നതിന് ആവശ്യമായ ബോധവത്ക്കരണ പരിപാടികളാണ് ലക്ഷ്യമിടുന്നത്. വിവിധ മത്സരങ്ങളും പൊതുസമൂഹത്തിന്റെ ജാഗ്രതയ്ക്കായി വിവിധ കാമ്പയിനുകളും പ്രവർത്തനത്തിന്റെ ഭാഗമായി ഏറ്റെടുക്കും.
യുവാക്കളെ സ്പോർട്സിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി ഗയിം ഓൺ ഡ്രഗ്സ് ഓഫ് എന്ന തീമിനെ അടിസ്ഥാനമാക്കി പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം ഇന്ന് മൂന്നിന് നടത്തും. ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളെയും പ്രതിനിധീകരിച്ച് ഓരോ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ ടീമുകളാണ് കുര്യനാട് കളിക്കളം ടർഫിൽ മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
മുൻ ദേശീയ ഫുട്ബോൾ താരം എം.എം. ജേക്കബ് മത്സരം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിൽ സംബന്ധിക്കും. വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിക്കും. വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, ജൂബി തെക്കേൽ, സി.ടി. രാജൻ, സിൻസി ജയ്സൺ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീകുമാർ എസ്. കൈമൾ, എസ്.വി. മുകുൾ എന്നിവർ പ്രസംഗിച്ചു.
Kerala
ഏറ്റുമാനൂർ: രാവിലെ എറണാകുളത്തേയ്ക്കുള്ള ട്രെയിൻ യാത്ര ദുരിതയാത്രയായി തുടരുന്നു. തിങ്കളാഴ്ചകളിൽ തിരക്ക് പതിന്മടങ്ങ് വർധിക്കും. ട്രെയിനിനുള്ളിൽ ശ്വാസം കിട്ടാതെ യാത്രക്കാർ മോഹാലസ്യപ്പെട്ട് വീഴുന്നത് തിങ്കളാഴ്ചകളിലെ പതിവ് കാഴ്ചയാണ്.
തിങ്കളാഴ്ചകളിൽ രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ല. മെമുവിലും പാലരുവിയിലും വൻ തിരക്കാണ്. കോട്ടയം മുതൽ ട്രെയിനിന് ഉള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്രക്കാർ വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്.
മെമുവിന് കോച്ചുകൾ കുറവായതിനാൽ ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ നിഷേധിച്ചിരിക്കുകയാണ്. കോട്ടയത്തു നിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുസഹമാക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ രാവിലെ കോട്ടയത്ത് നിന്ന് പുതിയ ഒരു സർവീസ് ആരംഭിക്കണം
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ട്രെയിൻ നീങ്ങി തുടങ്ങുന്നത്. ഗുരുവായൂർ - എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിച്ചാൽ തിരക്കിന് കുറവുണ്ടാകും.എന്നാൽ ഈ ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ല.
അഞ്ചു പ്ലാറ്റ്ഫോമുകളുമായി കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ പോലും കോട്ടയത്തിന് ലഭിച്ചില്ല. എറണാകുളം ഭാഗത്തേയ്ക്ക് മെമു സർവീസുകൾക്കായി നിർമ്മിച്ച 1എ പ്ലാറ്റ്ഫോം നാലു വർഷമായി വെറുതെ കിടക്കുകയാണ്. എറണാകുളത്ത് അവസാനിക്കുന്ന ഒരു ട്രെയിൻ പോലും കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കാനും റെയിൽവേ തയ്യാറാകുന്നില്ല.
കോട്ടയത്തിനും എറണാകുളത്തിനുമിടയിൽ റെയിൽവേ യാത്രക്കാർ അനുഭവിക്കുന്ന ദുരിതമകറ്റാൻ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
Kerala
കോട്ടയം: നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ വയോധികൻ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്. മുക്കൂട്ടുതറ ഇടകടത്തിയിലുണ്ടായ സംഭവത്തിൽ വാന്തിയിൽ വർക്കി (85), പുറ്റുമണ്ണിൽ ജോസ്, ജോസിന്റെ മകന്റെ ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്.
പള്ളിയിൽ കുർബാന കഴിഞ്ഞ് മൂവരും വീട്ടിലേക്ക് മടങ്ങാനായി പള്ളിമുറ്റത്ത് നിന്ന് റോഡിലേക്ക് കാറിൽ പ്രവേശിക്കുമ്പോഴാണ് നിയന്ത്രണം തെറ്റിയത്. തുടർന്ന് റോഡരികിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു.
District News
മൂന്നിലവ്: മൂന്ന് പതിറ്റാണ്ട് മുൻപത്തെ ഓർമകളുമായി അവർ വീണ്ടും ഒത്തുചേർന്നു. മൂന്നിലവ് വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ്കൂൾ 1994 - 95 വർഷത്തെ എസ്എസ്എൽസി ബാച്ചിലെ 22 വിദ്യാർഥികളാണ് വീണ്ടും തങ്ങളുടെ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നത്.
ജനപ്രതിനിധികൾ, വൈദികൻ, പാസ്റ്റർ, ബിസിനസുകാർ, കർഷകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഈ ബാച്ചിലുണ്ട്.
തങ്ങളുടെ അധ്യാപകരേയും സ്കൂൾ അധികൃതരെയും സ്മരിച്ചും പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു അവർ സംഗമത്തെ അവിസ്മരണീയമാക്കി.
District News
ഏറ്റുമാനൂർ: പുതിയതായി സ്ഥാപിച്ച കല്ലറ പോലീസ് സ്റ്റേഷനെ ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലാക്കി. ഹൈക്കോടതി വിജ്ഞാപനമനുസരിച്ച് കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന് ഇന്നു മുതൽ പ്രാബല്യമുണ്ട്.
കല്ലറയിൽ പുതുതായി സ്ഥാപിച്ച പോലീസ് സ്റ്റേഷൻ വൈക്കം കോടതിയുടെ പരിധിയിലാക്കാനും ഏറ്റുമാനൂർ കോടതിയുടെ പരിധിയിലുണ്ടായിരുന്ന നീണ്ടൂർ പഞ്ചായത്തിലെ ഓണംതുരുത്ത് വില്ലേജ്കൂടി വൈക്കം കോടതി പരിധിയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് അറിഞ്ഞതു മുതൽ ഏറ്റുമാനൂർ കോടതിയിലെ അഭിഭാഷകരും അഡ്വക്കറ്റ് ക്ലർക്കുമാരും ആശങ്കയിലായിരുന്നുവെന്ന് ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ പറഞ്ഞു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ മുമ്പേതന്നെ ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽനിന്ന് മാറ്റിയിരുന്നു. പിന്നീട് കിടങ്ങൂർ, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുകൾ മാത്രമാണ് ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽ ഉണ്ടായിരുന്നത്.
കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ പുതിയ ഉത്തരവോടെ ഏറ്റുമാനൂർ, കിടങ്ങൂർ, വൈക്കം പോലീസ് സ്റ്റേഷനുകൾ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലായി.
District News
മുണ്ടക്കയം: വിദ്യാർഥികളിൽ സമ്പാദ്യശീലവും മികച്ച നിക്ഷേപ അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റലിജന്റ്സ് ഇൻവെസ്റ്റർ നിക്ഷേപ ക്ലബ് ആരംഭിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് വെൽത്ത് മാസ്റ്റർ നിഖിൽ തോമസ് ഏബ്രഹാം ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനത്തിന് ശേഷം വിദ്യാർഥികൾക്കായി എങ്ങനെ ഇന്റലിജന്റായി ഇൻവെസ്റ്റ്മെന്റ് നടത്താം എന്ന വിഷയത്തിൽ അദ്ദേഹം പ്രത്യേക ക്ലാസും നയിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പരമാവധി പ്രയോജനപ്പെടുത്തി പോക്കറ്റ് മണി, പാർട്ട് ടൈം ജോലി എന്നിവയിലൂടെ ലഭിക്കുന്ന തുക കാര്യക്ഷമമായി സമ്പാദിച്ച് ഭാവിയിലേക്കൊരു കരുതലാക്കുകയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇതിന് പുറമെ പുതിയ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ അടിസ്ഥാന മൂലധന സമാഹരണത്തിനും ഈ ക്ലബ് വഴിയൊരുക്കും.കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ കൊമേഴ്സ് വകുപ്പ് മേധാവി ജിനു തോമസ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, പി.ആർ. രതീഷ്, ഡോ. ഷിജിമോൾ തോമസ്, വിദ്യാർഥി കോ-ഓർഡിനേറ്റർ ഇവ ബിറ്റോ എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മേയ് 18ന് നടന്ന സംഭവത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുറിഞ്ഞപുഴ പറായിപറമ്പിൽ പി.എം.ബിനീഷ് (47) ആണ് മരിച്ചത്.
ആക്രമണം നടത്തിയ പ്രതികളായ ബിജു, ബിന്ദു എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. ഇവർ സഹോദരങ്ങളാണെന്ന് പോലീസ് പറഞ്ഞു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ കൂമ്പേൽ ഭാഗത്തായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ബിനീഷ് ഉറക്കെ പാട്ടുപാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനീഷിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
പ്രതികളായ ബിജുവിനെയും ബിന്ദുവിനെയും വൈക്കം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. യുവാവ് മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കോട്ടയം: കോട്ടയത്ത് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും ചേർന്ന് ഇയാളെ പിന്തിരിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. യുവതിയെക്കൊണ്ട് ഇയാളെ അനുനയിപ്പിക്കുകയായിരുന്നു.
തുടർന്ന് പോലീസും അഗ്നിശമനസേനയും ചേർന്ന് യുവാവിനെ താഴെ ഇറക്കി. പിന്നാലെ യുവാവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Kerala
കോട്ടയം: അയ്മനം പരിപ്പിലെ തൊള്ളായിരം ഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഷാപ്പിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളുടെ ലാബ് പരിശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ്.
കഴിഞ്ഞ 20നാണ് കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷിന് (41) ഷാപ്പിൽ നിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കെ ജ്യോതിഷ് മരിച്ചു.
ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച മറ്റ് നാലുപേരും ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽ നിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൂടുത ലും പൊടി ഉത്പന്നങ്ങളായിരുന്നുവെന്നും ഭക്ഷണപദാർഥങ്ങളുടെ സാമ്പിളുകൾ ലഭ്യമായിരുന്നില്ലെ ന്നും അധികൃതർ അറിയിച്ചു.
അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
കഴിഞ്ഞ 20 നാണ് ഷാപ്പിൽ നിന്നു ഭക്ഷണം കഴിച്ച ആളുകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. എന്നാൽ, പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് 22നാണ്.
Kerala
കോട്ടയം: രാത്രിയില് കൂട്ടമായി എത്തി കൃഷികള് മുഴുവന് തിന്നു നശിപ്പിക്കുന്ന ആഫ്രിക്കന് ഒച്ചുകളെ തുരത്താനുള്ള വഴികള് തേടുകയാണ് വാഴൂര് ശാസ്താങ്കല്കാവ് നിവാസികള്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില് അക്കാറ്റിന ഫുലിക്ക (achatina fulica) എന്ന ശാസ്ത്ര നാമമുള്ള ആഫ്രിക്കന് ഒച്ചുകളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്.
വാഴൂര് പഞ്ചായത്തിലെ തീര്ഥപാദപുരം, ശാസ്താങ്കല്ക്കാവ്, ചാമപതാല് പ്രദേശങ്ങളിലാണ് ശല്യം വലിയതോതില് വര്ധിച്ചിരിക്കുന്നത്. അന്തരീക്ഷവായു ശ്വസിച്ചു കരയില് ജീവിക്കുന്ന വലുപ്പംകൂടിയ ഒച്ച് കിഴക്കന് ആഫ്രിക്കന് സ്വദേശിയാണ്. ഒന്നും രണ്ടുമല്ല പല വലിപ്പത്തിലുള്ള നുറൂകണക്കിനു ഒച്ചുകളാണ് രാത്രിയില് ഇവിടേക്ക് എത്തുന്നത്.
ഈ പ്രദേശത്തെ ഓരോ കര്ഷകരും തങ്ങളുടെ പറമ്പിലെയും മതിലുകളിലെയും ഒച്ചുകളെ നശിപ്പിക്കാന് ദിവസേന കിലോക്കണക്കിന് ഉപ്പും തുരിശുമാണു ചെലവിടുന്നത്. നശിപ്പിക്കുന്നതിന്റെ ഇരട്ടിയായിട്ടാണ് ഓരോ രാത്രിയിലും ജനവാസമേഖലയിലേക്ക് ഇഴഞ്ഞെത്തുന്നത്.
കഴിഞ്ഞ രണ്ടുവര്ഷമായി ഒച്ചുകള് കര്ഷകരുടെയും പ്രദേശവാസികളുടെയും ജീവിതം വഴിമുട്ടിക്കുകയാണ്. മഴക്കാലത്താണ് ഒച്ചുശല്യം കൂടുന്നത്. പകല് മണ്ണില് ഒളിച്ചിരിക്കും. രാത്രി കൂട്ടത്തോടെ വീട്ടുമുറ്റത്തേക്കും വഴികളിലേക്കും പറമ്പുകളിലേക്കുമെല്ലാം ഇഴഞ്ഞുകയറും. കഴിഞ്ഞവര്ഷം മുതലാണ് ഒച്ചുകളുടെ ശല്യം വലിയതോതില് വര്ധിച്ചത്.
കര്ഷകരുടെ മാസങ്ങളുടെ അധ്വാനമാണ് ഒരൊറ്റരാത്രികൊണ്ട് ഈ ഒച്ചുകള് നശിപ്പിക്കുന്നത്. പ്രദേശത്തെ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള് തിന്നുതീര്ക്കുന്നു. തളിരിലകളും തണ്ടുകളും പൂര്ണമായി കാര്ന്നുതിന്നുന്നതോടെ ചെടികള് ദിവസങ്ങള്ക്കുള്ളില് നശിക്കും.
ഒച്ചുകള് അഞ്ചു മുതല് ആറു തവണ വരെ മുട്ട ഇടും. ഓരോ പ്രാവശ്യവും 200 മുട്ടകള് വിരിയാറുണ്ട്. ജൈവാധിനിവേശത്തിന് നല്ല ഉദാഹരണങ്ങളാണ് ഇവ. മണ്ണിനടിയില് 10-15 സെന്റിമീറ്റര് താഴ്ചയില് കുഴിയുണ്ടാക്കി മൂന്ന് വര്ഷം വരെ സുഷുപ്തിയിലാണ്ടിരിക്കും.
ഒച്ചുകളെ നശിപ്പിക്കുന്നതിനായി പിടികൂടിയാല് ഉടന് തന്നെ ഉപ്പു വെള്ളിത്തിലിടണം. നോക്കി നിന്നില്ലെങ്കില് മണ്ണിനടിയിലോ കരിയിലക്കിടയിലോ ഒളിക്കുമെന്നും പ്രദേശവാസികള് പറയുന്നു. ഉപ്പുപൊടിയും തുരിശും ഉപയോഗിച്ചാണ് കര്ഷകര് ഇവയെ തുരത്തുന്നത്. തുരിശിന്റെ ഉയര്ന്നവിലയും താങ്ങാനാകുന്നില്ലെന്നു കര്ഷകര് പറയുന്നു. കൃഷിവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി ഒച്ചുകളുടെ ശല്യത്തിനു ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് ആവശ്യമുയര്ന്നിരിക്കുകയാണ്.